This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവധിഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവധിഭാഷയും സാഹിത്യവും

ഹിന്ദിയുടെ ഒരു ഉപഭാഷയാണ് അവധി. ഉത്തര്‍പ്രദേശില്‍ അവധ്ജില്ലയിലും, ഫത്തേപൂര്‍, മിര്‍ജാപൂര്‍, ജാന്‍പുര്‍ എന്നീ പ്രദേശങ്ങളിലും ഈ ഭാഷ വ്യവഹരിക്കപ്പെടുന്നു. ഇതിന്റെ ഒരു ഉപഭാഷയായ 'ബഘേലി' ബഘേല്‍ഖണ്ഡില്‍ പ്രചാരത്തിലിരിക്കുന്നു. അവധില്‍ സംസാരിക്കപ്പെടുന്ന ഭാഷ എന്ന അര്‍ഥത്തിലാണ് 'അവധിഭാഷ' എന്ന പേരുണ്ടായത്.

ഹിന്ദിയുടെ പ്രാദേശികരൂപങ്ങളെ പൊതുവായി പശ്ചിമീ, പൂര്‍വീ എന്നു രണ്ടായി തരംതിരിച്ചിരിക്കുന്നു; അവധി പൂര്‍വീവിഭാഗത്തില്‍പ്പെട്ട ഉപഭാഷയാണ്. ഇതിന്റെ മറ്റൊരു പ്രാദേശികരൂപമാണ് 'ഛത്തീസ്ഗഢി'. അവധിക്ക് 'വൈസവാഡി' എന്ന മറ്റൊരു പ്രാദേശിക ഭാഷാരൂപം കൂടിയുണ്ട്. ഉന്നാവ്, ലഖ്നൌ, റായ്ബറേലി, ഫത്തേപൂര്‍ മുതലായ പ്രദേശങ്ങളില്‍ ഇതു സംസാരിക്കപ്പെടുന്നു. അവധിയുടെ പ. പശ്ചിമവര്‍ഗത്തിലുള്ള 'ബുന്ദേലി', 'വ്രജഭാഷ' എന്നിവയും തെ. 'ഛത്തീസ്ഗഢി'യും, കി. 'ഭോജ്പുരി'യും സംസാരിച്ചു വരുന്നു. ഇതിന്റെ വ.ഭാഗത്തുള്ള നേപ്പാള്‍ താഴ്വരയില്‍ ധാരു എന്ന ഗ്രാമത്തിലെ ആദിവാസികളുടെ ഭാഷയ്ക്കും അവധിയുമായി വിദൂരബന്ധം കാണുന്നു.

ഭക്തിപ്രസ്ഥാനത്തിന്റെ കാലഘട്ടത്തില്‍ പ്രധാനമായി രണ്ടു ഭാഷകള്‍ പ്രചാരത്തിലിരുന്നു-വ്രജഭാഷയും അവധിയും. വ്രജഭാഷ പശ്ചിമീഹിന്ദിയുടെ പ്രാദേശിക ഭാഷാഭേദമാണ്; അവധി പൂര്‍വീഹിന്ദിയുടെയും. വ്രജഭാഷ ശൌരസേനീഅപഭ്രംശത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നു; പശ്ചിമീ അവധി അര്‍ധമാഗധീഅപഭ്രംശത്തില്‍നിന്നും, പൂര്‍വീ അവധി മാഗധീഅപഭ്രംശത്തില്‍ നിന്നും രൂപംപൂണ്ടു.

സാഹിത്യം. പ്രാചീന അവധിസാഹിത്യത്തിലെ മുഖ്യധാരകളെ ഭക്തികാവ്യം, പ്രേമാഖ്യാനകാവ്യം എന്നു രണ്ടായി തിരിക്കാം. തുളസീദാസിന്റെ രാമചരിതമാനസ് അവധിഭാഷയിലെ ഭക്തിപ്രസ്ഥാനത്തിന്റെ ദീപശിഖയാണ്. തുളസീദാസ് അവധിഭാഷയില്‍ വേറെയും നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ഈ ശാഖയിലെ മറ്റൊരു പ്രധാന കൃതി ലാല്ദാസിന്റെ അവധ്‍വിലാസ് (എ.ഡി. 1700) ആണ്. മറ്റു പല ഭക്തകവികളും 'അവധി' ഭാഷയില്‍ കവിതകള്‍ രചിച്ചിട്ടുണ്ടെങ്കിലും മലൂക് ദാസിന്റെ പേര് പ്രത്യേകം സ്മരണീയമാണ്. ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായ ബാബാമഥുരാദാസ്, ബാബാധരണീദാസ് തുടങ്ങിയവരും അവധിയെയാണ് മാധ്യമമാക്കിയത്.

അവധിഭാഷയിലെ പ്രേമാഖ്യാനകാവ്യങ്ങളില്‍ പ്രമുഖകൃതി മലിക് മുഹമ്മദ് ജായസി രചിച്ച പദ്മാവത് ആണ്. മംഝന്റെ മധുമാലതി, ഉസ്മാന്റെ ചിത്രാവലി, നൂര്‍ മുഹമ്മദിന്റെ ഇന്ദ്രാവതി, ഷേക്നിസാറിന്റെ ജുസുഫ് ജുലേഖാ എന്നീ കൃതികളും ഈ പരമ്പരയില്‍പ്പെട്ടവയാണ്.

പ്രാചീന അവധിസാഹിത്യത്തില്‍ അക്ബറിന്റെ ദര്‍ബാര്‍ കവിയായിരുന്ന അബ്ദുര്‍ റഹിം 'ഖാന്‍ഖാന'യുടെ (റഹിം) കൃതികള്‍ക്കു പ്രമുഖ സ്ഥാനമുണ്ട്. അദ്ദേഹത്തിന്റെ ബര്‍ വൈ-നായികാഭേദ് എന്ന ലക്ഷണഗ്രന്ഥം അവധിഭാഷയിലാണു രചിച്ചിരിക്കുന്നത്.

ആധുനിക അവധിസാഹിത്യത്തിലെ ഭൂരിപക്ഷം കൃതികളും ദേശാഭിമാനം, സമുദായോദ്ധാരണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വ്യംഗ്യപ്രധാനമായി രചിക്കപ്പെട്ടവയാണ്. അവധികവികളില്‍ പ്രതാപനാരായണ്‍ മിശ്ര, ബലഭദ്രദീക്ഷിത് 'പഢിസ്', വംശീധര്‍ ശുക്ള, ചന്ദ്രഭൂഷണ്‍ ദ്വിവേദി, രമയികാക്കാ, ശാരദാപ്രസാദ് 'ഭുശുംഡി' എന്നിവര്‍ പ്രമുഖരാണ്.

രാമചരിതമാനസത്തിന്റെ മാതൃകയില്‍ രചിക്കപ്പെട്ടിട്ടുള്ള കൃഷ്ണായന്‍ എന്ന മഹാകാവ്യം പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നു. ദ്വാരകാപ്രസാദ്മിശ്രയുടെ ഈ കൃതി അവധിയില്‍ ആധുനികമഹാകാവ്യപ്രസ്ഥാനത്തിന്റെ തുടക്കത്തെ കുറിക്കുന്നു. ആധുനിക കാലത്ത് ഇതര സാഹിത്യശാഖകളിലും ഏതാനും കൃതികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം ഉത്കൃഷ്ടകലാസൃഷ്ടികളാണെന്നു പറയാന്‍ പ്രയാസമുണ്ട്. സാഹിത്യപുഷ്കലമായ ഒരു മുതിര്‍ന്ന ഭാഷ എന്നതിനെക്കാള്‍, ഹിന്ദിയുടെ ഒരു പ്രാദേശികഗ്രാമീണരൂപം എന്ന നിലയിലാണ് അവധി ഇന്നു വ്യവഹരിക്കപ്പെട്ടുപോരുന്നത്.

(തങ്കമ്മ മാലിക്ക്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍